National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മൗജ്പുറിൽ യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റസമ്മതം നടത്തി പ്രതി. ഫൈസാൻ (24) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവാണ് സമൂഹമാധ്യമങ്ങളിലൂടെ കുറ്റസമ്മതം നടത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ഫൈസാനെ കൊന്നതെന്നാണ് യുവാവ് പറഞ്ഞത്. തന്നെ നാല് മാസം മുമ്പ് ഫൈസാൻ മർദിച്ചിരുന്നുവെന്നാണ് ഇതിന് പ്രതികാരമായിട്ടാണ് ഫൈസാനെ കൊലപ്പെടുത്തിതെന്നുമാണ് പ്രതി വ്യക്തമാക്കിയത്. കൊലപാതകവുമായി തന്റെ കുടുംബത്തിനോ സുഹൃത്തുകൾക്കോ യാതൊരും ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രതി പറയുന്നത് കള്ളമാണെന്നും സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് പ്രതി കൊല നടത്തിയതെന്നുമാണ് മരിച്ച ഫൈസാന്റെ സഹോദരൻ സൽമാൻ പറഞ്ഞത്.
വ്യാഴാഴ്ചയായിരുന്നു ഫൈസാൻ വെടിയേറ്റ് മരിച്ചത്. മൗജ്പുറിലെ ഒരു കഫേയിൽ വച്ച് പ്രതി ഫൈസാനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസാനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ എംപി വീണ്ടും അകലുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ സമീപകാലത്തെ ചില നിലപാടുകളിലും പാര്‍ട്ടി തീരുമാനങ്ങളിലും അതൃപ്തിയുള്ള തരൂര്‍, ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ ചില പ്രസ്താവനകളും പാര്‍ട്ടി പുനഃസംഘടനയിലെ അവഗണനയുമാണ് തരൂരിനെ ചൊടിപ്പിച്ചത്. പ്രത്യേകിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും തരൂര്‍ കരുതുന്നതായാണ് സൂചന.
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും പാര്‍ലമെന്റിലെ തന്ത്രങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് എഐസിസി ആസ്ഥാനത്ത് യോഗം വിളിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തരൂരിനെപ്പോലൊരു മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹം വീണ്ടും ചര്‍ച്ചയാകാന്‍ കാരണമാകും.
കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് രംഗത്തെത്തിയ ജി-23 ഗ്രൂപ്പിലെ പ്രമുഖനായിരുന്നു തരൂര്‍.
ഹൈക്കമാന്‍ഡുമായി പലപ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുള്ള അദ്ദേഹം, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ വിട്ടുനില്‍ക്കലിനും പിന്നിലെന്ന് കരുതപ്പെടുന്നു. അടുത്തിടെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ വിയോജിച്ച് ദേശീയ മാധ്യമങ്ങളില്‍ തരൂര്‍ എഴുതിയ ലേഖനവും ചര്‍ച്ചയായിരുന്നു.
National
ന്യൂഡല്‍ഹി: 2022-ല്‍ ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ കായികതാരങ്ങളെ പുറത്താക്കി നായയെ നടത്താന്‍ സൗകര്യമൊരുക്കിയെന്ന വിവാദത്തില്‍ പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഖിര്‍വാര്‍ വീണ്ടും ഡല്‍ഹി ഭരണകൂടത്തിന്റെ നിര്‍ണായക സ്ഥാനത്തേക്ക് തിരിച്ചെത്തി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പുതിയ കമ്മീഷണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ നിയമിച്ചു.
1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഖിര്‍വാര്‍ വിവാദത്തെത്തുടര്‍ന്ന് ലഡാക്കിലേക്ക് സ്ഥലം മാറ്റപ്പെട്ടതിന് ശേഷം ഏകദേശം മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്. നിലവിലെ കമ്മീഷണര്‍ അശ്വനി കുമാറിന് പകരക്കാരനായാണ് ഖിര്‍വാര്‍ ചുമതലയേല്‍ക്കുന്നത്. അശ്വനി കുമാറിനെ ജമ്മു കശ്മീരിലേക്ക് സ്ഥലം മാറ്റി.
ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ, ഖിര്‍വാറും ഭാര്യയും സ്റ്റേഡിയത്തില്‍ നായയെ നടത്തുന്നതിനായി കായികതാരങ്ങളെ നേരത്തെ പുറത്തിറങ്ങാന്‍ നിര്‍ബന്ധിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റിയത്.
എംസിഡി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. നഗരത്തിലെ റോഡുകളുടെ നവീകരണം, ശുചീകരണം, തെരുവ് നായകളുടെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം നിര്‍ണായകമാകും. ജനുവരി 21-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Business
കോട്ടയം: കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (CERC) ഉപദേശക സമിതിയംഗമായി മലയാളിയായ നന്ദകുമാർ നായരെ നിയമിച്ചു. കേരള എച്ച്ടി ആൻഡ് ഇഎച്ച്ടി ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
വൈദ്യുതി നിയമം - 2003 പ്രകാരം രൂപീകരിക്കപ്പെട്ട ഈ സമിതിയാണ് വൈദ്യുതി നിരക്കുകൾ, വൈദ്യുതിയെ സംബന്ധിച്ച മാർക്കറ്റ് പരിഷ്കാരങ്ങൾ, ഗ്രിഡ് പ്രവർത്തനം, ഊർജ സംയോജനം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിനു റഗുലേറ്ററി കമ്മീഷനെ സഹായിക്കുന്നത്. വ്യവസായ ഉപയോക്താക്കളുടെ താത്പര്യങ്ങൾ ദേശീയ തലത്തിൽ അവതരിപ്പിക്കാൻ ഇതുവഴി എച്ച്ടി ആൻഡ് ഇഎച്ച്ടി അസോസിയേഷനും അവസരം ലഭിക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ആചരിച്ചു.
ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ശ്ലൈഹീക വാഴ്വ് നൽകി.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിക്കാനിടയായ ദുരന്തത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനു കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു ഡൽഹി ഹൈക്കോടതി.
പൊതുതാത്പര്യഹർജിയിൽ പ്രതികരണമറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം കഴിഞ്ഞ വർഷം മാർച്ച് 26നകം സമർപ്പിക്കണമെന്നായിരുന്നു നിർദേശമെങ്കിലും കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ സമയപരിധി പാലിക്കാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ദുരന്തത്തിനുശേഷം എന്തൊക്കെ തീരുമാനങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമായിരുന്നു. അധികാരികൾ എന്തുകൊണ്ടാണ് ഇത്ര അലസത കാണിക്കുന്നതെന്നും, മറ്റൊരു സംഭവുമുണ്ടാകാൻ കാത്തിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനിടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ബിഹാറിലെ പാർട്ടിയുടെ ഉപാധ്യക്ഷന്മാരടക്കമുള്ള നേതാക്കൾക്കെതിരേ നടപടിയുമായി കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പിനിടെ മുതിർന്ന പാർട്ടി നേതാക്കൾക്കെതിരേ നടത്തിയ പ്രസ്താവനകളുടെയും അച്ചടക്കലംഘനത്തിന്റെയും പേരിലാണ് 43 പ്രമുഖ നേതാക്കൾക്കെതിരേയുള്ള നടപടി.
പുറത്താക്കപ്പെട്ടവരിൽ ഉപാധ്യക്ഷന്മാരായിരുന്ന രാജ്കുമാർ രാജൻ, ഷക്കീലുർ റഹ്മാൻ എന്നിവരുൾപ്പെടുന്നു. ആറുപേർക്കെതിരേ തുടർനടപടികൾക്കായി എഐസിസിയുടെ അച്ചടക്കസമിതിക്ക് കൈമാറിയിട്ടുമുണ്ട്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാമിനെതിരേയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ കൃഷ്ണ അല്ലവരുവിനെതിരേയും വിമതസ്വരം ഉയർത്തിയെന്നും നേതൃത്വത്തിനെതിരേ പ്രസ്താവനകൾ നടത്തിയെന്നും കണ്ടാണ് നേതാക്കൾക്കെതിരായ നടപടി. പാർട്ടിനേതൃത്വം പണത്തിനുവേണ്ടി സീറ്റുകൾ നൽകിയെന്ന് വിമതനേതാക്കൾ ആരോപണമുന്നയിച്ചിരുന്നു.
വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്കു മുന്‍പ് ഒക്ടോബർ 18ന് ചില വിമതർ പാറ്റ്നയിൽ വാർത്താസമ്മേളനം വിളിച്ചു നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുയർത്തി കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം രൂപീകരിച്ച സംസ്ഥാനതല അച്ചടക്കസമിതി ഏഴു നേതാക്കളെ പുറത്താക്കുകയും 36 നേതാക്കൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ മത്സരിച്ചെങ്കിലും ആറെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
National
ന്യൂഡൽഹി: നോർത്ത് ഡൽഹിയിൽ കടയ്ക്ക് തീപിടിച്ചു. ചാന്ദ്നി ചൗക്കിൽ ഒരു കടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അപകട സ്ഥലത്ത് തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
വെള്ളിയാഴ്ച രാത്രി 10.58ന് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേ തുടർന്ന് അഞ്ച് ഫയർ ആന്റ് റെസ്ക്യു യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.
Kerala
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തെ മാത്രം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഈ വർഷം മാത്രം സംസ്ഥാനത്തിന് ലഭിക്കാനുള്ള 17,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി ആരോപിച്ചു. ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്തെന്നും ബാലഗോപാൽ ചോദിച്ചു.
ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായും ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്രം ആണ് ഇനി വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്. ഐജിഎസ്ടി പൂളിൽ നിന്നും തുകയുടെ കാര്യത്തിൽ കുറവ് വന്നു. ഇതിൽ മാത്രം 965 കോടിയാണ് കുറഞ്ഞത്. ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് അനിൽ ആന്റണി പറഞ്ഞു.
തിരുവനന്തപുരത്ത് വിജയിച്ച ഇടത് കൗൺസിലർ അഖിലയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിൽ ജയ് ഹിന്ദ് എന്ന് പറഞ്ഞതുകൊണ്ട് സൈബർ ആക്രമണം നേരിട്ടു. ഇതേ തുടർന്ന് അവർക്ക് മാപ്പ് പറയേണ്ടി വന്നുവെന്നും ബിജെപി ദേശീയ സെക്രട്ടറി ആരോപിച്ചു.
ഇത്തരം മാനസികാവസ്ഥയെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
National
ധാക്ക: ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി അസദ് ആലം സിയാം ഹൈക്കമ്മീഷണറെയും ഡെപ്യൂട്ടി ഹൈക്കമ്മീഷണറെയും വിളിച്ചുവരുത്തിയതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ നയതന്ത്രകാര്യാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് അഭ്യർഥനയും കൂടിക്കാഴ്ചയിൽ മുന്നോട്ടു വച്ചിട്ടുണ്ട്.
പത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടാം തവണയാണ് പ്രണയ് വർമയെ ഇത്തരത്തിൽ വിളിച്ചുവരുത്തുന്നത്.
വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അഭയം തേടുന്ന പക്ഷം ഉടനടി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
National
ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം സിബിസിഐ ആസ്ഥാനത്ത് ഇന്നു നടക്കും.
വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി തുടങ്ങിയവർ പങ്കെടുക്കും.
സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ നന്ദിയും പറയും.
കർദിനാൾമാർ, ആർച്ച്ബിഷപ്പമാർ, ബിഷപ്പുമാർ, നയതന്ത്ര പ്രതിനിധികൾ, മതനേതാക്കൾ, വിവിധ മേഖലകളിൽനിന്നുള്ള മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞവർഷം സിബിസിഐ ആസ്ഥാനത്തു നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി.
National
ന്യൂഡൽഹി: ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാര്‍ലമെന്റിൽ അറിയിച്ചു.
യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇന്ന് പാര്‍ലമെന്റിൽ അറിയിക്കുകയായിരുന്നു.
ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദയാണ് സുരക്ഷാ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിച്ചത്. ആധാർ വിവരങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും അത്യാധുനികമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം വകുപ്പുകളുടെ മന്ത്രിയാണ് നിതിൻ നബീന്.
നിതിന്‍ ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവർത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. നബീന്റെ നിയമനം അപ്രതീക്ഷിതമെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്.
മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. 2006ല്‍ നിതിൻ നബീൻ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. തുടർന്ന് 2010 മുതൽ ബംഗിപുർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു.
നിലവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇത്തരത്തിൽ 2019ൽ ആദ്യം ദേശീയ വർക്കിംഗ് പ്രസിഡന്റായാണ് എത്തിയത്.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി.
ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. സർവീസുകളുടെ പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
വിമാന സർവീസുകളുടെ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും കോടതി ആരാഞ്ഞു. മറ്റ് വിമാന സർവീസുകൾക്ക് 40,000 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയതെങ്ങനെയെന്നും കോടതി ചോദിച്ചു.
യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇടപെടണമെന്നും കോടതി അറിയിച്ചു. സർവീസുകളുടെ പ്രതിസന്ധിയിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
Kerala
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി തീയതി നീട്ടുന്നതിന് സംസ്ഥാന സർക്കാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവപൂർവം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
നിലവിലെ സാഹചര്യത്തിൽ കമ്മീഷൻ തീയതികൾ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയേക്കും.
National
ന്യൂഡൽഹി: ഹിന്ദിയിൽ പ്രാവീണ്യമില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുതെന്ന് സുപ്രീം കോടതി ജഡ്ജി ബി.വി. നാഗരത്ന. നിയമ സംവിധാനത്തിൽ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ടെന്നും ബി.വി. നാഗരത്ന പറഞ്ഞു.
കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുപ്രീം കോടതി ജഡ്ജി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ടെന്നും ബി.വി. നാഗരത്ന വ്യക്തമാക്കി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച് ഉന്നത കോടതികളിൽ ഇംഗ്ലീഷായിരിക്കും അവരെ ആശയവിനിമയത്തിന് പര്യാപ്തരാക്കുകയെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു.
ജുഡീഷ്യറിയിലെ ഭാഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മിതത്വം അനിവാര്യമാണെന്ന് വിശദീകരിച്ച ബി.വി. നാഗരത്ന തന്റെ പരാമർശങ്ങൾ രാഷ്ട്രീയപരമല്ലെന്നും വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പുടിൻ പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്നും റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി ഇന്ത്യയ്ക്കായാണ് ജീവിക്കുന്നത്. വിശ്വസിക്കാനാവുന്ന ഒരു സുഹൃത്താണ് മോദി. ഇത് താൻ ഏറെ ആത്മാർത്ഥതയോടെയാണ് പറയുന്നതെന്നും പുടിൻ പറഞ്ഞു. നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദേഹം വ്യക്തമാക്കി.
അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കും ഇതേ അവകാശമുണ്ടെന്നും പുടിൻ ആവർത്തിച്ചു. ഇരട്ട തീരുവ ഉൾപ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഉപദേശകർ ആണെന്നും പുടിൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്ടായത്.
ബസ് ജീവനക്കാർ തീ പടരുന്നത് കണ്ട് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായം ഒഴിവായി. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ് ബസിന് തീപിടിച്ചതെന്നും ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.
മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതിനാലാണ് നടപടി.
കരിമേഘ പടലം വിമാന സർവീസുകൾക്ക് തടസം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ അന്തരീക്ഷത്തിലേക്കുയർന്ന കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ നിന്ന് കരിമേഘ പടലം ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
Editorial
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയിരിക്കുന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി.
സമയപരിധി നിശ്ചയിക്കാനാകില്ലെങ്കിൽ കോടതി ഇടപെട്ടിട്ടു കാര്യമുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ബില്ലുകള്‍ പരിഗണനയ്ക്കെത്തുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠേനയുള്ള മറുപടി. പ്രശ്നപരിഹാരമല്ല, ഭരണഘടനാ പ്രകാരമുള്ള വിശദീകരണമാണ് കോടതി നടത്തിയിരിക്കുന്നത്.
ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിവച്ച് കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധി ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മൂന്ന് സാധ്യതകളേ ഉള്ളൂ. ഒന്ന് അനുമതി നൽകുക, രണ്ട് നിയമസഭയ്ക്കു തരിച്ചയയ്ക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക.
എന്നാൽ, ബില്ലിൽ തീരുമാനമെടുക്കാതെ വൈകിക്കുകയും അതിനുശേഷം രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വിധിച്ചത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണമാരെ മാറ്റുന്നതുമായ ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലുകൾ ഗവര്‍ണര്‍ ആര്.എന്‍. രവി മൂന്നു വർഷത്തോളം പിടിച്ചുവച്ചതോടെ വിഷയം സങ്കീർണമായി. തുടർന്ന് രാഷ്ട്രപതി നൽകിയ റഫറൻസിലാണ് ഇപ്പോൾ വിധി. ഗവർണർ ഒപ്പിടാത്ത ബില്ലുകൾക്ക് അംഗീകാരം നൽകാൻ കോടതിക്ക് കഴിയില്ലെന്നും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ചുമതല കോടതിക്കു ഏറ്റെടുക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
എന്നാൽ, അനന്തമായി ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവയ്ക്കാനാവില്ലെന്നാണ് കോടതി പറഞ്ഞതെന്നും സമയപരിധി നിശ്ചയിക്കാൻ അപ്പീൽ നൽകുമെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. വിധിക്കുശേഷവും രാഷ്ട്രീയപോരാട്ടം തുടരുമെന്നതിന്റെ സൂചനയാണിത്. അനിശ്ചിതകാലത്തേക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാനാകില്ലെന്നും അങ്ങനെവന്നാൽ സംസ്ഥാനങ്ങൾക്കു കോടതിയെ സമീപിക്കാമെന്നും പറഞ്ഞെങ്കിലും കഴിഞ്ഞ ഏപ്രിലിൽ രണ്ടംഗ ബെഞ്ച് ഗവർണർക്കെതിരായി നടത്തിയ വിധിയും മൂന്നുമാസ കാലാവധിയും തള്ളിക്കളഞ്ഞിരിക്കുകയാണ്.
കോടതിക്കു മുന്നിലുണ്ടായിരുന്നത് പ്രശ്നപരിഹാരമല്ല, ഭരണഘടനാ വിശദീകരണമാണ്. അതായത്, രാഷ്ട്രപതിക്കും ഗവർണർക്കും ഉപദേശം നൽകിയ കോടതി, അവർ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. രാജ്യത്തിന്റെ പ്രതിസന്ധി അതായിരുന്നെങ്കിലും രാഷ്ട്രപതി ചോദിച്ചത് ഗവർണറുടെ അധികാരത്തെക്കുറിച്ചു മാത്രമായിരുന്നു. കോടതി അതിനുത്തരം പറഞ്ഞു. മറ്റു കാര്യങ്ങൾ വീണ്ടും കോടതിയിലെത്തും.
രാഷ്ട്രീയത്തിനു മുകളിൽ ഒരു ബില്ലും പറക്കില്ലെന്നു വേണമെങ്കിൽ പറയാം. നോമിനിയായ ഗവർണർക്കു മുകളിലാണ് ജനം തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ എന്നും, രാഷ്ട്രീയത്തിനു മുകളിലാണ് ജനാധിപത്യം എന്നും ഗവർണർമാരും അവരെ പറഞ്ഞയച്ചവരും മനസിലാക്കിയിരുന്നെങ്കിൽ, ഈ വിഷയം ഭരണഘടനാ ബെഞ്ചിനു തലനാരിഴ കീറി പരിശോധിക്കേണ്ടി വരില്ലായിരുന്നു.
ഭരണഘടനയുടെ ആത്മാവിനെ ത്യജിക്കാൻ അതിന്റെ എഴുതപ്പെട്ടതോ എഴുതപ്പെടാത്തതോ ആയ വാക്യങ്ങളെ പഴുതുകളാക്കുന്ന പ്രവണത അധികാര രാഷ്ട്രിയത്തിനു ഗുണകരമായിരിക്കാം. പക്ഷേ, ഫെഡറൽ തത്വങ്ങൾക്കു ഗുണകരമല്ല. ഭരണഘടനാ സ്ഥാപനങ്ങളും സ്ഥാനങ്ങളും പാർട്ടിക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണെന്ന് മറക്കാതിരിക്കുന്നതാണ് യഥാർഥ ദേശസ്നേഹം.
National
ന്യൂഡൽഹി: ഡൽഹി കലാപാഹ്വാന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കടുത്ത എതിർപ്പ് ഉന്നയിച്ച് ഡൽഹി പോലീസ്. കലാപാഹ്വാന കേസിൽ ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കാൻ നീക്കം നടത്തിയെന്നും ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.
ഡൽഹി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യമിട്ട് ആയിരുന്നുവെന്ന് വാദിച്ച അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു ചെങ്കോട്ട സ്ഫോടനവും പരാമർശിച്ചു. ബുദ്ധിജീവികൾ ഭീകരവാദികളായി എത്തുന്നതാണ് ചെങ്കോട്ടയിലും കാണാൻ സാധിച്ചതെന്ന് എഎസ്ജി കോടതിയിൽ വാദിച്ചു.
ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കലാപം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലായിരുന്നു ആസൂത്രണം. ഭരണത്തെ അസ്ഥിരപെടുത്തുക, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും ഡൽഹി പോലീസ് സുപ്രിം കോടതിയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പോലീസ് എതിർത്തിരുന്നു. ജാമ്യാപേക്ഷയിൽ പോലീസിന്റെ വാദം കേൾക്കുകയാണ് കോടതി. നാളെയും വാദം തുടരും.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഭീകരർ ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയതിന് സമാനമായ ആക്രമണം രാജ്യ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതി. ചാവേർ ആക്രമണം നടത്തിയ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്ക് ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു.
ഇതുകൂടാതെ റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി സാങ്കേതിക സഹായം നൽകിയിരുന്നത്. ജമ്മുകശ്മീർ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറിൽ നിന്നാണ് പിടികൂടിയത്.
National
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നാലെ അടച്ച ചെങ്കോട്ട സന്ദർശകർക്കായി ഇന്ന് തുറക്കും. ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ശനിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ചെങ്കോട്ടയിൽ ഒരുക്കിയിരിക്കുന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിട്ടുണ്ട്.
സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തെ തുടർന്ന് തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വ്യാപക പരിശോധന തുടരുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ഭീകരർ പാക്കിസ്ഥാൻ സന്ദർശിച്ചതായി റിപ്പോർട്ടുകൾ. ഇവർക്ക് ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഭീകരർക്ക് യാത്രയ്ക്ക് സൗകര്യം ഒരുക്കിയത് കേസിൽ അറസ്റ്റിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ്. ആദിൽ റാത്തറിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. മുസാഫർ റാത്തറാണ് ഭീകരർക്ക് ദുബായ്, തുർക്കി, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കിയത്.
മുസാഫർ റാത്തറിന് ജെയ്ഷെയുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും.